ഓപ്പറേഷൻ തൂഫാൻ 2.0
Phase 2.0
ഓപ്പറേഷൻ തൂഫാൻ (രണ്ടാം ഘട്ടം)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം - മാർഗ്ഗരേഖ
കേരള പോലീസിന്റെ അഭിമാനകരമായ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ആദ്യഘട്ടത്തിൽ വലിയ വിജയമാണ് കൈവരിച്ചത്. എന്നാൽ കർശനമായ നിയമപാലന നടപടികളിലൂടെ മാത്രം ഇതിനൊരു ശാശ്വത പരിഹാരം സാധ്യമല്ല. ലഹരിക്കെതിരായ പോരാട്ടത്തിൽ 'ലഹരിയുടെ ആവശ്യം കുറയ്ക്കലും' (Demand Reduction) 'പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളും' (Early Intervention), ചികിത്സ, പുനരധിവാസം എന്നിവ താഴെത്തട്ടിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം കേവലമൊരു പോലീസ് കേന്ദ്രീകൃത നടപടി എന്നതിലുപരി ഒരു സമഗ്ര 'ജനകീയ മുന്നേറ്റം' ആയാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെ ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വാർഡുകളിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനതല ഉദ്ഘാടനം
ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നു. ഉദ്ഘാടന പരിപാടി കിലയുടെ സഹായത്തോടെ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ
📉 ലഹരിയുടെ ആവശ്യം കുറയ്ക്കൽ
ശക്തമായ ജനകീയ ഇടപെടലുകളിലൂടെ ലഹരിയോടുള്ള സാമൂഹിക താല്പര്യം കുറച്ചുകൊണ്ടുവരിക. കുടുംബതലത്തിലുള്ള ഇടപെടൽ, യുവജന പങ്കാളിത്തം എന്നിവ ഉറപ്പാക്കുക.
🛡️ വാർഡ് തല ജാഗ്രതാ സംവിധാനം
സംസ്ഥാനത്തെ 20,999 വാർഡുകളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളാക്കി മാറ്റുക.
🤝 സമഗ്ര പുനരധിവാസം
ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസിലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സേവനങ്ങൾ, കുടുംബപിന്തുണ എന്നിവ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക.
📱 രഹസ്യ വിവരശേഖരണം
വിൽപ്പന, വിതരണം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യാത്മകമായും പോലീസിനെ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ.
🎓 യുവജന-വിദ്യാർത്ഥി പങ്കാളിത്തം
വിദ്യാർത്ഥികളുടെ ഊർജ്ജം കായികം, കല, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക.
ഉദ്ഘാടന ദിനത്തിലെ കർമ്മപരിപാടികൾ
പതാക ഉയർത്തൽ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരേസമയം 'തൂഫാൻ പതാക' ഉയർത്തും. തുടർന്ന് തൂഫാൻ പ്രതിജ്ഞ, വാരിയർ പ്രഖ്യാപനം.
ബോധവത്കരണം: സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ക്ലാസ്സും വീഡിയോ പ്രദർശനവും.
ജനകീയ പങ്കാളിത്തം: ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ്മ സേന, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സജീവ പങ്കാളിത്തം.
പ്രധാന കർമ്മപദ്ധതികളും ഇടപെടലുകളും
A. ജനകീയ പങ്കാളിത്തവും ബോധവൽക്കരണവും
സ്പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ: എല്ലാ വാർഡുകളിലും ലഹരി ഭീഷണികൾ ചർച്ച ചെയ്യുന്നതിനും പ്രതിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുമായി പ്രത്യേക ഗ്രാമസഭകൾ. കുടുംബശ്രീ വഴി പ്രാദേശിക ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ.
B. സുരക്ഷിതമായ വിവരശേഖരണം
രഹസ്യ വിവര കൈമാറ്റം: വിവരങ്ങൾ നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിച്ചുകൊണ്ട് ടോൾ ഫ്രീ നമ്പറുകൾ, വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, QR കോഡുകൾ എന്നിവ വ്യാപകമാക്കും.
C. തൂഫാൻ കെയർ: പുനരധിവാസം
ജില്ലാ തൂഫാൻ കെയർ കമ്മിറ്റികൾ: ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ മനഃശാസ്ത്രജ്ഞരെയും ഡി-അഡിക്ഷൻ സ്പെഷ്യലിസ്റ്റുകളെയും ഉൾപ്പെടുത്തി തുടർപരിചരണവും (After-Care Homes) സാമൂഹിക പുനഃസംയോജനവും ഉറപ്പാക്കും.
D. വിദ്യാർത്ഥികൾക്കുള്ള സുരക്ഷാ വലയം
തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലബ്ബുകൾ SPG/CPG ആഭിമുഖ്യത്തിൽ 'തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ' ആയി പ്രവർത്തനക്ഷമമാക്കും.
12 മാസത്തെ പ്രവർത്തന കലണ്ടർ
സ്പെഷ്യൽ ഗ്രാമസഭകൾ, ക്യാമ്പസ് ബോധവൽക്കരണം, പ്രാദേശിക ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ.
രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്യാമ്പുകൾ, യുവജനങ്ങൾക്കായി കായികമേളകൾ, കലാമത്സരങ്ങൾ.
രഹസ്യവിവര കൈമാറ്റ സംവിധാനങ്ങളുടെ പ്രചാരണം, ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിലെ ബോധവൽക്കരണം.
കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ് ശിൽപശാലകൾ, മികച്ച വാർഡുകൾക്ക് സംസ്ഥാനതല അംഗീകാരം.